കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്ഐടി വ്യക്തമാക്കി. സ്വർണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു. എന്നാൽ തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തന്ത്രിയെ വീണ്ടും സബ്ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് തന്ത്രിയെ ഡിസ്ചാർജ് ചെയ്തത്.